തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സീറ്റുകളുടെ എണ്ണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്.
ഇതൊരു ഫോൺ നമ്പറല്ല എന്ന് ആരംഭിക്കുന്ന എം.എം. മണിയുടെ പോസ്റ്റിന് മറുപടിയായി തൽകാലം ഇതൊരു ഫോൺ നമ്പറാണ് പക്ഷേ കുറച്ചുകഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും എന്നാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
ഇതുകൂടാതെ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സീറ്റുകളുടെ എണ്ണത്തിനൊപ്പം 35 എന്ന രണ്ടക്ക സംഖ്യയും ബൽറാം കൂട്ടിച്ചേർത്തിട്ടുണ്ട്. 35 സീറ്റുകളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഒതുക്കുമെന്ന മുന്നറിയിപ്പാണ് വി.ടി. പങ്കുവയ്ക്കുന്നത്.
"98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും." എന്ന വി.ടി. ബൽറാമിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഇതോടകം നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.
യുഡിഎഫ് 100 സീറ്റെന്ന ലക്ഷ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതിനിടെയാണ് എൽഡിഎഫ് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവുമായി സൈബറിടത്തേക്ക് മണി രംഗപ്രവേശം ചെയ്തത്.